ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് കഴിഞ്ഞു. ഒരു സ്ലോട്ട് പോലും ഒഴിവില്ലാതെ ഓഗസ്റ്റിലെ 8 ദിവസത്തെയും എല്ലാ സ്ലോട്ടുകളും ബുക് ചെയ്തു കഴിഞ്ഞു. സെപ്റ്റംബറിലെ സ്ലോട്ടുകൾ ദേവസ്വം പ്രഖ്യാപിച്ചിട്ടില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഓൺലൈൻ ബുക്കിങ് നടത്തി വെർച്വൽ ക്യൂ സംവിധാനത്തിൽ ക്ഷേത്രത്തിൽ സൗജന്യ ദർശനം അനുവദിക്കുന്നതിന് ദേവസ്വം സംവിധാനം ഒരുക്കിയത് 24നാണ്. പിറ്റേന്ന് ‘മനോരമ’ ഇത് വാർത്തയാക്കിയതോടെ ബുക്കിങ് അതിവേഗത്തിലായി. 27ന് ഉച്ചയോടെ ഒരു സ്ലോട്ടിലും ഒഴിവില്ലാതായി.8 ദിവസങ്ങളിൽ 19,200 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ അവസരം ലഭിച്ചു. ഓഗസ്റ്റിലെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 8 സമയങ്ങളിലായി 300 പേർക്കു വീതമാണ് വെർച്വൽ ക്യൂ അനുവദിച്ചത്. വെർച്വൽ ക്യൂ ദർശനമുള്ള ഓഗസ്റ്റ് 25 ചിങ്ങത്തിലെ ഉത്രാടവും 28 അവിട്ടവും പൊതു അവധി ദിനങ്ങളാണ്. ഉത്രാട കാഴ്ചക്കുല സമർപ്പണം പോലുള്ള ചടങ്ങുകൾ നടക്കുന്നതിനാൽ ബുക്ക് ചെയ്ത സമയത്തിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.6നും 7നും രാത്രി ദർശന നിയന്ത്രണം
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ കർക്കടകമാസ ശുദ്ധി ചടങ്ങുകൾ 5 മുതൽ 8 വരെ നടക്കും. ഗുരുവായൂരപ്പന് 6ന് വൈകിട്ടും 7ന് രാവിലെയുമാണ് ശുദ്ധി ചടങ്ങുകൾ. ഉപദേവതകളായ അയ്യപ്പനുള്ള ശുദ്ധി 5നും ഗണപതിക്ക് 6നും ഭഗവതിക്ക് 8നുമാണ് ശുദ്ധി ചടങ്ങുകൾ. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ 6നും 7നും സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷം അത്താഴപ്പൂജ കഴിയുന്നതു വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല.









