Headlines

കുറ്റിപ്പുറം അപകടം: ബസ് ഓടിയത് 100 കിലോമീറ്ററോളം വേഗത്തിൽ; പ്രദേശത്ത് പരമാവധി വേഗപരിധി 50 കിലോമീറ്റർ

 

കുറ്റിപ്പുറം ∙ ദേശീയപാതയിൽ റെയിൽവേ മേൽപാലത്തിനു സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായിമറിഞ്ഞ് ഒരാൾ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടത്തിൽ മോട്ടർവാഹന വകുപ്പ്, പൊലീസ്, നാറ്റ്പാക്, ദേശീയപാതാ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന പൂർത്തിയായി. വളവിൽ വാഹനം അമിതവേഗത്തിലായിരുന്നതും മഴയെത്തുടർന്ന് ഉണ്ടായ അക്വാപ്ലെയ്നിങ്ങുമാണ് അപകടത്തിനു പ്രാഥമിക കാരണമായതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.പരമാവധി 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള പ്രദേശത്ത് 100 കിലോമീറ്ററോളം വേഗത്തിലാണ് വാഹനം സഞ്ചരിച്ചിരുന്നത്. മഴയുള്ള സമയത്ത് ഇത്രയും ഉയർന്ന വേഗത്തിൽ വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയോ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് വാഹനം വഴുതിമാറുകയോ ചെയ്തിരിക്കാമെന്നാണ് അനുമാനം. ഭാരമേറിയ വാഹനങ്ങളിൽ ഇത്തരത്തിൽ അമിതവേഗത്തിലെത്തുമ്പോൾ ഭാരമാറ്റം മൂലവും അപകടസാധ്യത വർധിക്കുന്നു.റോഡിന്റെ നിർമാണം സംബന്ധിച്ച് വിശദമായ പഠനത്തിനുശേഷം രണ്ടാഴ്ചയ്ക്കകം നാറ്റ്പാക് സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. നിലവിലെ റോഡ് ഡിസൈൻ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് റിപ്പോർട്ടിനു ശേഷമേ വ്യക്തമാകൂ. എൻഫോഴ്സ്മെന്റ് ആർടിഒ ടി.പി.യൂസഫ്, ഡിവൈഎസ്പി സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ, മോട്ടർവാഹന ഉദ്യോഗസ്ഥരായ കെ.നിസാർ, മുഹമ്മദ് ബഷീർ, കുറ്റിപ്പുറം എസ്എച്ച്ഒ കെ.മണികണ്ഠൻ, എസ്ഐ കെ.എസ്.സുധീർ എന്നിവരും നാറ്റ്പാക്, എൻഎച്ച്എഐ പ്രതിനിധികളും പരിശോധനയിൽ പങ്കെടുത്തു.

 

ബസ് മറിഞ്ഞ അതേ സ്ഥലത്ത് വീണ്ടും അപകടം; ഡിവൈഡറിലിടിച്ച് കാർ

കുറ്റിപ്പുറം ∙ ഞായറാഴ്ച നാടിനെ നടുക്കിയ സ്വകാര്യ ബസ് അപകടം നടന്ന ദേശീയപാതയിലെ അതേ സ്ഥലത്തു വീണ്ടും അപകടം. തിങ്കൾ രാത്രി നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബംപർ തകരുകയും പിൻവശത്തെ ടയറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കു പരുക്കുകളില്ല. അടുത്തയിടെ ഇതേ സ്ഥലത്തു സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ അപകടത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റിരുന്നു. അതേ സ്ഥലത്തു ദിവസങ്ങൾക്കകം വീണ്ടും അപകടമുണ്ടായതോടെ ദേശീയപാതയിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചുള്ള ആശങ്ക ശക്തമായിരിക്കുകയാണ്.