Headlines

മുഖത്തും നടുവിനും അടിച്ചു പരുക്കേൽപ്പിച്ചു, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രൂരമായ റാഗിങ്; 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

തളിപ്പറമ്പ്∙ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ രണ്ടാംവർഷ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കി മർദിച്ചതായി പരാതി. ഇരയായ വിദ്യാർഥിയുടെയും കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ 5 രണ്ടാം വർഷ ബിസിഎ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഏച്ചൂർ കാനാച്ചേരി എൻ.പി.ആർ.മുഹമ്മദ് റിസിന്റെ (19) പരാതിയിൽ രണ്ടാം വർഷ വിദ്യാർഥികളായ അഞ്ചരക്കണ്ടി വെൺമണൽ ലിമ്ര ഹൗസിൽ മുഹമ്മദ് ഹനാൻ ഹബീബ്, കുറുമാത്തൂർ ചൊറുക്കള അഫ്രാസിൽ അഫാൻ അമീർ അലി, ചൊറുക്കള റൈഹാനാസിൽ കെ.പി.മുഹമ്മദ് ഫഹീം റഹ്മാൻ, മാങ്ങാട് കുട്ടിപള്ളീരകത്ത് മീത്തലെപാത്ത് കെ.പി.യാസിർ ഫയാസ്, തളിപ്പറമ്പ് ബദരിയ നഗർ അവറക്കൽ എ.മുജീബ് റഹ്മാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 14ന് മൂന്നരയോടെ 5 പേരും ചേർന്ന് മുഹമ്മദ് റിസിനെ കോളജിനുസമീപത്തുള്ള പറമ്പത്ത് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി മുഖത്തും നടുവിനും അടിച്ചുപരുക്കേൽപ്പിച്ചെന്നാണ് പരാതി. മർദനമേറ്റ വിദ്യാർഥി ഭയം മൂലം സംഭവം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കോളജ് അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജിലെ ആന്റി റാഗിങ് കമ്മിറ്റി അന്വേഷിച്ച് റാഗിങ് നടന്നതായി കണ്ടെത്തി റിപ്പോർട്ട് നൽകുകയായിരുന്നു. റിപ്പോർട്ട് പൊലീസിനും കൈമാറി. കുറ്റാരോപിതരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷവും ഇവിടെ റാഗിങ്ങിന് 2 കേസുകൾ എടുത്തിരുന്നു.