Headlines

ഫ്രഷ് കട്ട് പ്ലാന്റ് ഹൈക്കോടതിയുടെ അന്തിമവിധി വരും വരെ പ്രവർത്തിപ്പിക്കില്ല; ഉപരോധ സമരം അവസാനിപ്പിച്ചു

 

താമരശ്ശേരി ∙ ശ്വസിക്കാൻ ശുദ്ധവായുവും ജീവിക്കാൻ ശുദ്ധജലവും തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് നാടൊന്നിച്ചു നടത്തിയ ജനകീയ രാപകൽ ഉപരോധ സമരം ഫലം കണ്ടു. പി.കെ.ഫിറോസ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ, ഹൈക്കോ‍ടതിയുടെ അന്തിമവിധി വരും വരെ പ്ലാന്റ് പ്രവർത്തിപ്പിക്കില്ലെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. പി.കെ.ഫിറോസ് എംഎൽഎയുടെ നേ‍ത്വത്തിൽ നടന്നു വരുന്ന അനിശ്ചിതകാല ഉപരോധമാണ് അവസാനിപ്പിച്ചത്. എന്നാൽ, സമര സമിതി നടത്തി വരുന്ന സമരപരിപാടികൾ തുടരും.കമ്പനിയിലേക്ക് മാലിന്യം എത്തിക്കാനോ പുറത്തേക്ക് കൊണ്ടു പോകാനോ പാടില്ല. യോജ്യമായ സ്ഥലം കണ്ടെത്തി പ്ലാന്റ് മാറ്റി സ്ഥാപിക്കുക എന്ന നിർദേശവും ഉയർന്നു വന്നിട്ടുണ്ട്. ചർച്ചയില‍ൽ പി.കെ.ഫിറോസ് എംഎൽഎ, മുൻ എംഎ‌ൽഎ എം.കെ.മുനീർ, സി.കെ.കാസിം എംഎ‍ൽഎ, എം.എ.റസാഖ് എംഎൽഎ, താമരശ്ശേരി ഡിവൈഎസ്പി കെ.വി.ബോസ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജീന, സമര സമിതി നേതാക്കളായ ബാബു കുടുക്കിൽ, പുഷ്പൻ നന്ദൻ, കെ.കെ.മുജീബ്, ടി.കെ.ജിലാനി എന്നിവർ പങ്കെടുത്തു.നേതാക്കൾ തീരുമാനം രാത്രി സമര പന്തലിൽ എത്തി വിശദീകരിച്ച ശേഷമാണ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധ സമരം അവസാനിപ്പിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റ് അടച്ച് പൂട്ടാൻ ബുധനാഴ്ച നൽകിയ ഉത്തരവ് വ്യാഴാഴ്ച കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ജനങ്ങൾ പ്ലാന്റിനു സമീപത്ത് കെട്ടിയ സമരപ്പന്തലിൽ ഒത്തുകൂടി പി.കെ.ഫിറോസ് എംഎ‍ൽഎയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപരോധം ആരംഭിച്ചത്.