തിരുവനന്തപുരം ∙ ‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ എനിക്കും അവന്റെ കുഞ്ഞുങ്ങൾക്കും രാജേഷിനെ ഒന്നു തൊടുകയെങ്കിലും ചെയ്യാമായിരുന്നു’ – ആശ്വാസവാക്കുകളുമായി ഉറ്റവർ വീട്ടിലേക്ക് ഒഴുകിയെത്തുമ്പോഴും ഉള്ളിലെ നീറ്റൽ മറച്ചുവയ്ക്കാൻ പിതാവ് രാജശേഖരന് കഴിയുന്നില്ല.
കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നേമം കല്ലിയൂർ സ്വദേശി ആർ.രാജേഷിന്റെ സംസ്കാരം കഴിഞ്ഞ് 4 ദിവസം പിന്നിട്ടു. ആ സങ്കടക്കണ്ണീർ പക്ഷേ ഇപ്പോഴും തോർന്നിട്ടില്ല. മറ്റൊരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ ‘ഹീറോ’യോട് സർക്കാർ സംവിധാനം കാണിച്ച അനാസ്ഥയുടെ വാർത്തകൾ പുറത്തുവരുമ്പോൾ രാജേഷിന്റെ കുടുംബത്തിന് വേദന ഇരട്ടിക്കുന്നു.അപകടം നടന്ന് 3 ദിവസത്തിനുശേഷം മീന്തുള്ളിപ്പുഴയിൽനിന്നു കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റുവാങ്ങാൻ പിതാവ് രാജശേഖരനും ബന്ധുക്കളും കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലുണ്ടായിരുന്നു. നാട്ടിലേക്ക് ഫ്രീസർ ഇല്ലാത്ത ആംബുലൻസ് ക്രമീകരിച്ചപ്പോൾ തന്നെ കുടുംബാംഗങ്ങൾ മെഡിക്കൽ കോളജ് അധികൃതരെയും തഹസിൽദാരെയും എതിർപ്പ് അറിയിച്ചിരുന്നു. നാട്ടിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ ബന്ധപ്പെട്ടപ്പോൾ ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ മൃതദേഹം എത്തിക്കരുതെന്നാണ് ബന്ധുക്കൾക്കു ലഭിച്ച നിർദേശം. എന്നാൽ, തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യു അധികൃതർ വഴങ്ങിയില്ല. അസമിലേക്കുവരെ തങ്ങൾ ഫ്രീസറില്ലാതെ മൃതദേഹം അയച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ആവശ്യം തള്ളിയത്.
ദുർഗന്ധം നിമിത്തം തൃശൂർ ചാവക്കാട്ടെ ആശുപത്രിയിൽവച്ചാണ് മൃതദേഹം ഫ്രീസർ ഉള്ള മറ്റൊരു ആംബുലൻസിലേക്കു മാറ്റിയത്. മൃതദേഹത്തോട് കാട്ടിയ അനാദരവിൽ ബന്ധുക്കൾ രോഷമറിയിച്ചപ്പോൾ ആംബുലൻസിന് ചെലവായ തുക പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ യുപിഐ വഴി അയച്ചുനൽകുകയായിരുന്നു.ബുധനാഴ്ച കല്ലിയൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ മക്കളും ഭാര്യയുമടക്കം ഉറ്റവർക്കാർക്കും രാജേഷിന്റെ മുഖം കാണാനായിരുന്നില്ല. സംസ്കാരവേളയിൽപോലും മൃതദേഹത്തിൽ തൊടാനും കഴിഞ്ഞില്ല. ‘അച്ഛനെ കാണണം’ എന്ന് നിലവിളിച്ച രാജേഷിന്റെ 2 ആൺമക്കളുടെ വേദന ചടങ്ങിനെത്തിയവരുടെയെല്ലാം കണ്ണുനനയിച്ചിരുന്നു. 17 മണിക്കൂറിലേറെ സമയമെടുത്താണ് രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിക്കാനായത്.









