തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തന്നെ തഴഞ്ഞതില്‍ കടുത്ത അതൃപ്തിയില്‍ ലാലി ജെയിംസ്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനായുള്ള വിപ്പ് ലാലി ജെയിംസ് കൈപ്പറ്റിയില്ല. ലാലി രാജിവയ്ക്കാന്‍ ഉള്‍പ്പെടെ സാധ്യതയുണ്ടെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ലാലിയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്.
തൃശ്ശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായി ആദ്യം ലാലി ജെംയിസിന്റെ പേരാണ് ഉയര്‍ന്നതെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നിജി ജസ്റ്റിന്റെ പേര് ഉയരുകയായിരുന്നു. പ്രസ്ഥാനത്തിനായി നാളിതുവരെ നിലകൊണ്ട തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നു മേയര്‍ പദവിയെന്ന് ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. മേയറെ തീരുമാനിക്കുമ്പോള്‍ ചില നേതാക്കള്‍ക്ക് ചില പ്രത്യേത താത്പര്യങ്ങളുണ്ടായെന്ന് ലാലി ആരോപിച്ചു. ആര് മേയറാകണമെന്ന് ജനങ്ങളോട് ചോദിച്ച് ഒരു സര്‍വെ നടത്തിയാല്‍ താന്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ലാലി കൂട്ടിച്ചേര്‍ത്തു.
കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി തുടങ്ങിയ നേതാക്കള്‍ക്ക് തൃശ്ശൂര്‍ നഗരത്തില്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റും അറിയാതെ പോയതില്‍ വിഷമമുണ്ടെന്ന് ലാലി പറഞ്ഞു. ടേം വ്യവസ്ഥയില്‍ മേയറാകുന്നതിനോട് യോജിപ്പില്ല. തൃശ്ശൂരിനെ അഞ്ച് വര്‍ഷവും നയിക്കാന്‍ ഒരാള്‍ വേണം. താനിനി മേയറാകാനോ സ്റ്റാന്റിംഗ് കമ്മിറ്റിയിലിരിക്കാനോ മറ്റൊരു പദവിയിലിരിക്കാനോ ഇല്ലെന്നും ലാലി കൂട്ടിച്ചേര്‍ത്തു.









