പിഎം ശ്രീ പദ്ധതിയില്‍ സിപിഐ സമ്മർദത്തിന് വഴങ്ങി സിപിഐഎം. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കും. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ സിപിഐ-സിപിഐഎം ധാരണയിലെത്തി. മന്ത്രിസഭാ ഉപസമിതി വിഷയം പഠിക്കും. അതുവരെ കരാർ മരവിപ്പിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നാണ് സിപിഐഎം സിപിഐയെ അറിയിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാർ തീരുമാനിച്ചു.
രാവിലെ മുതല്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനും നടത്തിയ മാരത്തണ്‍ ചർച്ചയില്‍ സിപിഐഎം തീരുമാനമെടുത്തു. പദ്ധതി മരവിപ്പിച്ച് കേന്ദസർക്കാറിന് സംസ്ഥാനം കത്ത് നല്‍കും. ഈ കത്തിന്റെ കരട് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സിപിഐയുടെ കേന്ദ്രനേതൃത്വത്തിന് കൈമാറി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും സിപിഐ മന്ത്രിമാരുമായും ചർച്ച നടത്തിയെങ്കിലും പിഎം ശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു. ഇന്ന് മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സിപിഐ തീരുമാനിച്ചിരുന്നു. ഇതോടെ രാവിലെ ചേരാനിരുന്ന മന്ത്രിസഭായോഗം വൈകുന്നരേത്തേക്ക് മാറ്റിയ മുഖ്യമന്ത്രി, സിപിഐയുമായുള്ള ചർച്ചകള്‍ക്കായി തിരുവനന്തപുരത്തെത്താന്‍ കണ്ണൂരിലുണ്ടായിരുന്ന എംവി ഗോവിന്ദനെ ചുമതലപ്പെടുത്തുകയും ചെയ്തു.








