Headlines

മെലിസ’ ചുഴലിക്കാറ്റ് ജമൈക്കയിൽ കരതൊട്ടു; വ്യാപക നാശനഷ്ടം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ കരതൊട്ടു. ജമൈക്കയിൽ വ്യാപക നാശനഷ്ടം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും അതിദുരിതം തീർക്കുന്ന വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 185 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപമാണ് കരതൊട്ടത്. പ്രദേശത്ത് 101 സെന്റിമീറ്റർ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ജമൈക്കയിൽ മൂന്ന് പേർ, ഹെയ്തിയിൽ മൂന്ന് പേർ, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒന്ന് എന്നിങ്ങനെ ഏഴ് മരണങ്ങളാണ് ചുഴലിക്കാറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാറ്റഗറി അഞ്ചിൽപ്പെടുന്ന മെലിസ കൊടുങ്കാറ്റ് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ആണെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള കാലാവസ്ഥ നിരീക്ഷണകേന്ദ്രം നാഷണൽ ഹരികേൽ സെന്റർ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, 2005ൽ ലൂസിയാനയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ കത്രീന കൊടുങ്കാറ്റിന്റെ കേന്ദ്ര സമ്മർദ്ദം 902 മില്ലിബാറായിരുന്നു. വടക്കൻ കരീബിയൻ പ്രദേശങ്ങളിൽ മെലിസ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. 1980ൽ മണിക്കൂറിൽ 305 കിലോമീറ്റർ വേഗത്തിൽ വീശിയ അലൻ കൊടുങ്കാറ്റാണ് അറ്റ്‌ലാന്റിക്കിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി കണക്കാക്കപ്പെടുന്നത്.