പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നൽകില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ് വേണ്ടതെന്നിരിക്കെ കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതി അനിവാര്യം എന്ന ചിന്താഗതി ഇടതുപക്ഷണങ്ങൾക്ക് തീർത്തും വിരുദ്ധമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വെയ്ക്കാനാകുമോ? എന്നും മുഖപത്രത്തിൽ ലേഖനത്തിൽ പറയുന്നു.
സാമ്പത്തിക-രാഷ്ട്രീയ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകണം. പുന്നപ്ര-വയലാർ കാലത്തെ ടി വി തോമസ് – സർ സി പി ചർച്ചയും ഓർമിപ്പിച്ചുകൊണ്ടുള്ളതായിരുന്നു എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ എഴുതിയ ജനയുഗത്തിലെ ലേഖനം.
അതേസമയം, സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണ ഭീഷണിക്കിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. വൈകുന്നേരം 3. 30നാണ് മന്ത്രിസഭായോഗം ചേരുക. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം.
വൈകുന്നേരത്തിനകം സമവായം ഉണ്ടായില്ലെങ്കിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരാനിരിക്കുന്നതിനാൽ ജനപ്രിയ നടപടി സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കും.








