ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തി ഉൾപ്പെടെയുള്ള പ്രധാന ദ്വീപുകകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ കടകളിൽ ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പഞ്ചസാര തുടങ്ങിയ സാധനങ്ങൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. കടകളിലെ ഷെൽഫുകൾ ഒഴിഞ്ഞുകിടക്കുന്ന കാഴ്ച ദ്വീപിലെ സാധാരണക്കാർക്കിടയിൽ വലിയ രീതിയിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
ലക്ഷദ്വീപിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്ന കപ്പലുകളുടെയും ബാർജുകളുടെയും എണ്ണം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ വെട്ടിക്കുറച്ചതാണ് ഈ ക്ഷാമത്തിന് പ്രധാന കാരണം. അവശ്യവസ്തുക്കൾ കൃത്യമായി എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് കടകളിൽ സാധനങ്ങളുടെ ലഭ്യത കുറഞ്ഞത്. ഈ നടപടി ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഈ പ്രതിസന്ധിക്ക് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളുണ്ടെന്ന് ദ്വീപ് നിവാസികൾക്കിടയിൽ ആരോപണമുയരുന്നുണ്ട്. മിത്ര ദ്വീപിനെ ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ സാഹചര്യം ഉടലെടുത്തതെന്നത് സംശയം വർദ്ധിപ്പിക്കുന്നു. ദ്വീപ് നിവാസികളുടെ സ്വസ്ഥമായ ജീവിതം മനപ്പൂർവ്വം തടസ്സപ്പെടുത്താൻ അഡ്മിനിസ്ട്രേഷൻ ശ്രമിക്കുകയാണോയെന്നും ആളുകൾ ഭയപ്പെടുന്നുണ്ട്.അതേസമയം റേഷൻ കടകളിലൂടെയുള്ള സാധനങ്ങൾ ഇപ്പോഴും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, സ്വകാര്യ കടകളിലെ ക്ഷാമം സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ദ്വീപ് നിവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.