Headlines

നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണു; 17 തൊഴിലാളികള്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ചികിത്സ നല്‍കി വരികയാണെന്നും നാഗ്പൂര്‍ മെട്രോപൊലിറ്റന്‍ റീജണ്‍ ഡെവലപ്പ്‌മെന്റ് അതോരിറ്റി( NMRDA) ചെയര്‍മാന്‍ സഞ്ജയ് മീണ മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന ഗേറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിനായി നിര്‍മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് കവാടമാണ് ഇടിഞ്ഞുവീണതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

ഗേറ്റ് പൊടുന്നനെ ഇടിഞ്ഞുവീഴാനുള്ള കാരണം വിശദമായി അന്വേഷിക്കുമെന്ന് സഞ്ജയ് മീണ അറിയിച്ചു. നിര്‍മാണത്തിനുപയോഗിക്കുന്ന യന്ത്രത്തിന്റെ അമിതമായ വൈബ്രേഷന്‍ മൂലമാകാം കവാടം ഇടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലം സന്ദര്‍ശിച്ചതായി ദേശീയ ദുരന്ത നിവാരണ അതോരിറ്റിയും വ്യക്തമാക്കി.