തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

 

തൃശ്ശൂര്‍: കനത്ത മഴക്കൊപ്പമുള്ള ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.

കനത്ത മഴയുള്ള തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി , വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ റൂട്ടില്‍ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് സാഹചര്യത്തില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.