സ്ഥിതി ഗുരുതരം; രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കും, സാധ്യമായ ഏത് മാര്‍ഗവും സ്വീകരിക്കും: മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഗൗരവമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണം. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്. കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം നല്‍കുന്ന സൂചന.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ക്യാമ്പുകള്‍ ആരംഭിക്കേണ്ടത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാവുന്നതാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ക്യാമ്പുകളില്‍ ഉറപ്പുവരുത്തണം. ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്യാമ്പുകളില്‍ ഉണ്ടാകണം. ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടാകണം. വാക്‌സിന്‍ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാട്ടണം.