സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും മഴ കനത്തേക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം മോൻത ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. ആന്ധ്രയിൽ 13 ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. ഒരു മരണം റിപ്പോർട്ട് ചെയ്തു. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. അവസാന കണക്ക് പ്രകാരം 1.38 ലക്ഷം ഹെക്ടർ കൃഷിഭൂമി നശിച്ചു. ഒഡീഷയിലും കനത്ത മഴ തുടരുകയാണ്.







