Headlines

ഞാനും ജി സുധാകരനും തമ്മിൽ നിങ്ങൾക്ക് അറിയാത്ത കെമിസ്ട്രിയുണ്ട്, അകറ്റാൻ പറ്റില്ല; മന്ത്രി സജി ചെറിയാൻ

ജി സുധാകരനുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. നിങ്ങൾ കാണുന്നത് പോലെ അല്ല ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധമാണ്, നിങ്ങൾക്ക് അറിയാത്ത കെമിസ്ട്രിയുണ്ട് ഞാനും അദ്ദേഹവും തമ്മിൽ.നേരിൽ കണ്ടാൽ സംസാരിക്കും അദ്ദേഹം എന്നെ ഊഷ്മളതയോടുകൂടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സമയമാണിത്. സുധാകരൻ സഖാവിന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ചോദിക്കും. ചില കാര്യങ്ങളെല്ലാം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പാർട്ടിയുടെ നേതൃ നിരയിൽ നിന്നുകൊണ്ടുതന്നെ അദ്ദേഹം പ്രവർത്തിക്കും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ജി സുധാകരൻ പാർട്ടിയിൽ നിന്ന് അകന്നു എന്നത് മാധ്യമ സൃഷ്ടിയാണ്. പ്രതിപക്ഷ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. കോൺഗ്രസിന്റെ സാഹിത്യ സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സാംസ്കാരിക മേഖലയിൽ നല്ല അറിവുള്ള വ്യക്തിയാണ് അദ്ദേഹം. അതിൽ ഒരുതെറ്റും കാണുന്നില്ല.എസ് ഡി പിയുടെയും ബിജെപിയുടെയും പരിപാടിയിൽ പങ്കെടുക്കെരുതെന്നാണ് പാർട്ടി നിലപാട്. സുധാകരനുമായി മഞ്ഞുരുകാൻ മഞ്ഞില്ലല്ലോ. സുധാകരനെക്കുറിച്ച് താൻ പറഞ്ഞ പ്രസ്താവന തെറ്റിധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പിൻവലിച്ചിട്ടുണ്ട്. വിമർശനങ്ങളിലൂടെ വളർന്നതാണ് ആലപ്പുഴയിലെ പാർട്ടിയെന്നും ജി സുധാകരന് വിമർശിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.