യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ഗ്രൂപ്പില്ല.കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന പാർട്ടി തിരിച്ചുവരാൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പുണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമുണ്ടാകും. അങ്ങിനെ എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത്. എല്ലാ നേതാക്കന്മാരോടും ആലോചിച്ചാണ് തീരുമാനം എടുത്തത്. അതുകൊണ്ട് വിവാദം ഉണ്ടാക്കേണ്ട കാര്യം ഇല്ല. പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ജനീഷ് ആയാലും അബിൻ വർക്കി ആയാലും എല്ലാവരും യോഗ്യരായ ആളുകളാണ് കെ മുരളീധരൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ് അയച്ച സംഭവത്തിലും കെ മുരളീധരൻ പ്രതികരണം നടത്തി. രാജ്യത്ത് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടയ്ക്കുന്ന കേന്ദ്രസർക്കാർ പിണറായി വിജയനോട് മറ്റൊരു സമീപനം കൈക്കൊള്ളുകയാണ്. ഇ ഡി നോട്ടീസിന് എന്തുപറ്റി? ഇ ഡിയെന്ന ചട്ടുകം വച്ച് കേന്ദ്രസർക്കാർ മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ ശ്രമിച്ചു. ആ സ്വാധീനത്തിൽ പിണറായി വിജയൻ വീണു. അതുകൊണ്ടാണ് ബിജെപിയെക്കാളും തീവ്രമായി പിണറായി വിജയൻ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് കെ മുരളീധരൻ വ്യക്തമാക്കി.