Headlines

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി, ഇന്ന് മാധ്യമങ്ങളെ കാണും

സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഒ.ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിൽ കടുത്ത എതിർപ്പാണ് ഐ ഗ്രൂപ്പിൽ നിലനിൽക്കുന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് അബിൻ വർക്കിയുടെ വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുള്ളത്.

അബിൻ വർക്കി എതിർപ്പ് പരസ്യമാക്കിയാൽ യൂത്ത് കോൺഗ്രസ് വലിയ പ്രതിസന്ധിയിലേക്ക് പോകും. അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പരിഗണിക്കാത്തത് മാത്രമല്ല ഐ ഗ്രൂപ്പിൻ്റെ പരാതി. നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡൻ്റ് സ്ഥാനം തിരികെ എടുത്തു. പകരം രണ്ട് വർഷം മുൻപ് നിരസിച്ച ദേശീയ സെക്രട്ടറി സ്ഥാനം അടിച്ചേൽപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമാക്കാനുള്ള നീക്കം ആണിതെന്നാണ് അബിൻ വർക്കിയുടെ പരാതി.

അതേസമയം, രമേശ് ചെന്നിത്തലയും നിലവിലുള്ള തീരുമാനത്തിൽ കടുത്ത എതിർപ്പിലാണുള്ളത്. രാഹുൽ ഗാന്ധി മുന്നോട്ടുവച്ച സംഘടന തിരഞ്ഞെടുപ്പ് എന്ന ആശയത്തെ തകർക്കുന്ന നിലപാടെന്നാണ് ഐ ഗ്രൂപ്പിൻ്റെ പരാതി. ഒപ്പം കെ സി വേണുഗോപാലിന് എതിരെയും പാർട്ടിക്കുള്ളിൽ പടയൊരുക്കം ആരംഭിച്ചു. കെ.സി വേണുഗോപാൽ തന്നിഷ്ടം നടപ്പാക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കെ സി വേണുഗോപാലിനോട് അടുത്തുനിൽക്കുന്ന ഒ.ജെ ജനീഷ് സംസ്ഥാന അധ്യക്ഷനായി എന്ന് മാത്രമല്ല കടുത്ത കെ സി ഗ്രൂപ്പുകാരനായ ബിനു ചുള്ളിയിലിന് ഇല്ലാത്ത പദവി ഉണ്ടാക്കി നൽകി എന്നും ഇക്കൂട്ടർ വാദിക്കുന്നു. ഗ്രൂപ്പ് വീതംവയ്പ്പുകൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഏകപക്ഷീയമായ തീരുമാനമാണ് കെ സി വേണുഗോപാലിൻ്റേത് എന്നാണ് ഐ ഗ്രൂപ്പിൻ്റെ വാദം.