സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടിയാണിത്. കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും
തീപിടിത്തം ആദ്യം കണ്ട ജലവിഭവവകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും സ്ഥലത്തേക്ക് ഓടിയെത്തിയവരുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു. സിസിടിവി ഉൾപ്പെ പോലീസ് പരിശോധിക്കും. ഫോറൻസിക് പരിശോധന ഫലം വന്നാലുടൻ റിപ്പോർട്ട് നൽകും.
അതേസമയം തീപിടിത്തം അട്ടിമറിയാണെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫയലുകൾ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കത്തിനശിച്ച ഫയലുകളിൽ ചിലതിന് ബാക്ക് അപ് ഇല്ല. തീപിടിത്തത്തിന്റെ മറവിൽ പല ഫയലുകൾ കടത്തുകയും ചെയ്തു. ചീഫ് സെക്രട്ടറി അന്വേഷണം മതിയാകില്ല. സംഭവം എൻഐഎ അന്വേഷിക്കണം
യുഡിഎഫ് സമരം നടത്തിയത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ്. സെക്രട്ടേറിയറ്റിലേക്ക് എത്തിയ ജനപ്രതിനിധികളെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ആരോഗ്യമന്ത്രിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു