കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതിക്കായി തിരഞ്ഞെടുപ്പ് നടത്താൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ സിപിഐഎമ്മിൽ ധാരണയായി. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയെന്നാണ് പാർട്ടി വിലയിരുത്തൽ.
അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കാലാവധി ശേഷിക്കുന്നത് രണ്ടര മാസക്കാലം മാത്രമാണ്. സ്ഥിരം ഭരണസമിതി നിലവിൽ വരുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ സ്വരൂപിക്കാനും സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കരുവന്നൂർ സഹകരണ തട്ടിപ്പിന് പിന്നാലെയാണ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്ഥിരം ഭരണസമിതിയുമായി തിരഞ്ഞെടുപ്പിനെ നേരിടണം എന്നതാണ് തീരുമാനം. സ്ഥിരം ഭരണസമിതി അധികാരമേറ്റാൽ കരുവന്നൂർ രാഷ്ട്രീയ പ്രചാരണം ആക്കുന്നത് തടയാമെന്നും വിലയിരുത്തൽ. നിലവിൽ ബാങ്കുമായി ബന്ധപ്പെട്ട് നിയമനടപടിക്രമങ്ങളുണ്ട്.
സ്ഥിരം ഭരണസമിതി ഇല്ലാത്തതുകൊണ്ട് ബാങ്കിനെ ഇത് ബാധിക്കുന്നുണ്ട്. കടമെടുക്കുന്നതിനും പണം സ്വരൂപിക്കുന്നതിനും നിയമപ്രശ്‌നങ്ങളുണ്ട്.ഭരണ സമിതി എത്തിക്കഴിഞ്ഞാൽ ഇത് മറികടക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.അയ്യന്തോളിൽ പുതിയ ഭരണസമിതി വന്നതിന് പിന്നാലെ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ബാങ്കായി മാറാൻ കഴിഞ്ഞിരുന്നു. അതിനാൽ ഒരു അയ്യന്തോൾ മോഡൽ കരുവന്നൂരിൽ പരീക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. പുതിയ ഭരണസമിതിയെ എത്തിച്ച് വലിയ നിക്ഷേപം വരെ എത്തിക്കാനും മുടങ്ങിപ്പോയ വായ്പ തിരിച്ചുപിടിക്കാനും പുതിയ വായ്പകൾ നൽകാനുമാണ് ശ്രമം നടത്തുന്നത്.