എല്ലാ പുരസ്കാരത്തെയും പോലെ ദാദ ഫാൽക്കെ പുരസ്കാരവും മലയാളത്തിന് സമർപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ. തൻ്റെ നാട്ടിൽ ഗംഭീര സ്വീകരണമൊരുക്കിയ സർക്കാരിന് നന്ദിയെന്ന് മോഹൻലാൽ പറഞ്ഞു. ഇത് കേരളം തന്ന സ്നേഹം. മലയാള ഭാഷയേയും സംസ്കാരത്തേയും സ്മരിക്കുന്നുവെന്ന് അദേഹം പറഞ്ഞു. മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ വെച്ച് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ മുമ്പ് പുരസ്കാരം ഏറ്റുവാങ്ങിയ മഹാരാധന്മാരെ മാത്രമല്ല ഓർത്തത്. സിനിമ എന്ന കലാരൂപത്തിനായി ദാദാ സാഹിബ് ഫാൽക്കെ എന്ന മഹാമനുഷ്യന്റെ സമർപ്പിത ജീവിതവും ഓർക്കുന്നു. കഴുത്തിലണിഞ്ഞ പതക്കത്തിന്റെ ഭാരം തിരിച്ചറിയുകയായിരുന്നു. ഇന്ത്യൻ സിനിമയുടെ ആകാശം ഒരുപാട് വിശാലമായി. ആ ആകാശത്തിലെ തിളക്കമേറിയ നക്ഷത്രമാണ് ദാദാസാഹിബ് ഫാൽകെയെന്ന് മോഹൻലാൽ പറഞ്ഞു.
ഡൽഹിയിലെ പുരസ്കാര ദാന ചടങ്ങിനെ ഏറിയ വൈകാരിക ഭാരമായാണ് കണ്ടത്. വൈകാരിക ഭാരങ്ങളെ മറച്ചു പിടിക്കാൻ കാലങ്ങളായി താനാർജിച്ച അഭിനയ ശേഷിക്ക് കഴിയുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. 48 വർഷങ്ങൾ കഴിയുന്നു. ഇങ്ങോട്ട് വരുമ്പോഴും താൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ഛായം മുഖത്തുണ്ടായിരുന്നു. അതോര്‍ക്കുമ്പോള്‍ വിധി ഏതൊക്കെ വഴിയാണ് തന്നെ നടത്തിക്കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിസ്മയിച്ച് പോകുന്നു.
അഭിനായ കലയെ ഒരു മഹാനദിയായി സങ്കല്‍പ്പിച്ചാല്‍ തീരത്തെ മരച്ചില്ലയില്‍ നിന്ന് അതിലേക്ക് വീണ ഒരു ഇലയാണ് താന്‍. ഒഴുക്കില്‍ മുങ്ങിപോകുമ്പോള്‍ ആ ഇലയെ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. പ്രതിഭയുടെ കയ്യൊപ്പുകളുള്ള കൈകളായിരുന്നു അവയെല്ലാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോഴും ആ മഹാനദിയുടെ പ്രവഹത്തിലാണ് താൻ. മുങ്ങിപോകുമ്പോഴെല്ലാം പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകൂ എന്ന് പറയുന്നു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
ഏതൊരു കലാകാരനെയും പോലെ ഉയർച്ചകളും താഴ്ചകളും തനിക്കുമുണ്ടായിട്ടുണ്ട്. രണ്ടിനെയും സമഭാവത്തോടെ കാണുന്നു. തനിക്ക് അഭിനയം അനായസമല്ല. ഓരോ കഥാപാത്രത്തിൽ നിന്ന് അടുത്ത കഥാപാത്രത്തിലേക്ക് മാറുമ്പോൾ ദൈവമേ എന്ന് വിളിച്ചുകൊണ്ടാണ് അഭിനയിക്കുന്നത്. അഭിനയമാണ് എൻ്റെ ദൈവമെന്ന് മോഹൻലാൽ പറഞ്ഞു. കണ്ട് കണ്ട് പ്രേക്ഷകര്‍ക്ക് മടുക്കുന്നകാലം വരെ തന്നെ ഇരുത്തപുതേ എന്നാണ് പ്രാര്‍ഥന. പ്രേക്ഷകരുടെ മടുപ്പില്‍ നിന്ന് അഭിനേതാവിനെ രക്ഷിക്കുന്ന കവചമാണ് കഥാപാത്രങ്ങളാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.