Headlines

തൂക്കുകയറിനെ പേടിക്കുന്ന ആളല്ല ഇത്’ കൂസലില്ലാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ശിക്ഷയില്‍ ഭയമില്ലെന്ന് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. 2019ല്‍ പോത്തുണ്ടി സ്വദേശിയായ സജിതയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ചെന്താമര പ്രതികരിച്ചത്. കോടതിയില്‍ ഹാജരായി മടങ്ങുമ്പോള്‍ ആയിരുന്നു പ്രതിയുടെ നിസംഗ ഭാവത്തിലുള്ള പ്രതികരണം

തൂക്കുകയര്‍ കിട്ടുമെന്നുള്‍പ്പെടെ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് തൂക്കുകയറിനെ പേടിക്കുന്ന ആളൊന്നുമല്ല താനെന്നായിരുന്നു ചെന്താമരയുടെ മറുപടി. ചോദ്യങ്ങളോട് യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പ്രതികരിച്ചത്. കേസില്‍ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ഇയാളുടെ പ്രതികരണം.

തന്റെ ജീവിതം ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ ഇനിയും തീര്‍ക്കുമെന്നായിരുന്നു മുന്‍പും മാധ്യമങ്ങളോട് ചെന്താമര പ്രതികരിച്ചിരുന്നത്. 2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്ദംകേട്ട് ഓടിവന്ന ലക്ഷ്മിയെയും വെട്ടുകയായിരുന്നു. സുധാകരന്‍ സംഭവസ്ഥലത്തും ലക്ഷ്മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.

തന്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ല്‍ സജിതയെ കൊലപ്പെടുത്തുന്നതിനും ശേഷം ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.