Headlines

‘സ്വര്‍ണപ്പാളി വിവാദത്തോടെ സര്‍ക്കാരിന്‍റെ ചെമ്പ് പുറത്തായി; ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക്, ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്’: പി കെ കൃഷ്‌ണദാസ്‌

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. സർക്കാരിന് ഒന്നും പേടിക്കാൻ ഇല്ലെങ്കിൽ സിബിഐ അന്വേഷിക്കണതിന് ഉത്തരവിടണമെന്ന് പികെ കൃഷ്ണദാസ് വെല്ലുവിളിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്‍റെ മറവിൽ സുപ്രധാന രേഖകൾ സന്നിധാനത്ത് നിന്ന് കടത്തി കൊണ്ട് പോയി. മറ്റ് വില്പിടിപ്പുള്ള പലതും മോഷണം പോയി. വിജയ് മല്യ കൊടുത്ത സ്വർണ്ണം എവിടെയെന്ന് സർക്കാരും ദേവസ്വം ബോർഡും മറുപടി പറയണം. ദ്വാരപാലക പാളികൾക്ക് ഭാരവ്യത്യാസം കണ്ട 2019ൽ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും പികെ കൃഷ്ണദാസ് ചോദിച്ചു.

സ്വര്‍ണപ്പാളി വിവാദത്തോടെ സര്‍ക്കാരിന്‍റെ ചെമ്പ് ആണ് പുറത്തായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയിൽ സ്വര്‍ണ മോഷണമാണ് നടന്നത്. സ്പോൺസർഷിപ്പിന് പിന്നിൽ കോടികളുടെ കൊള്ള നടന്നു.കേവലം ഇടനിലക്കാർ മാത്രമല്ല.

ദേവസ്വം ബോർഡിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സഹായത്തോടെയാണ് കൊള്ള നടന്നത്. കൊള്ളയുടെ വിഹിതം ദേവസ്വം ബോർഡിനും ഭരണകൂടത്തിനും ലഭിച്ചു. ദേവസ്വം മന്ത്രി രാജിവെയ്ക്കണം. മോഷണം, കൊള്ള എന്നിവയ്ക്ക് കൂട്ടു നിന്ന ദേവസ്വം ബോർഡ് പിരിച്ചു വിടണം.

സംസ്ഥാന സർക്കാരിന് പുറത്ത് ഒരു ഏജൻസി അന്വേഷിക്കണം. 2019 ൽ വലിയ കൊള്ള നടന്നു. അന്നത്തെ ദേവസ്വം പ്രസിഡന്റ്, മന്ത്രി എന്നിവർക്കെതിരെ സ്വർണ മോഷണതിന് കേസെടുക്കണം. അല്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കും. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.