പ്രഭാത വാർത്തകൾ

 

🔳ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്നു കൂട്ടക്കൊഴിച്ചില്‍. മൂന്നു ദിവസത്തിനകം മൂന്നു മന്ത്രിമാരടക്കം പതിന്നാല് എംഎല്‍എമാര്‍ ബിജെപിയില്‍നിന്നു രാജിവച്ച് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ എത്തി. തൊഴില്‍ മന്ത്രി സ്വാമിപ്രസാദ് മൗര്യ ആണ് ആദ്യം രാജിവച്ചത്. വനം മന്ത്രി ദാരാ സിംഗ് ചൗഹാന്‍, ആയുഷ് മന്ത്രി ധരം സിംഗ് സൈനി എന്നിവരാണു രാജിവച്ച മറ്റു മന്ത്രിമാര്‍. ഇന്നലെ നാല് എംഎല്‍എമാര്‍ ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയിലെത്തി.

🔳സിപിഎം കോട്ടയം ജില്ലാ സമ്മേളനവേദിയില്‍ ചൈനാ അനുകൂല പ്രസംഗവുമായി പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണ്. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാവുന്ന വിധത്തില്‍ ചൈന കരുത്താര്‍ജിച്ചു. ആഗോള അടിസ്ഥാനത്തില്‍ ചൈനക്കെതിരെ പ്രചരണം നടക്കുന്നു. ചൈനക്കെതിരേ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യവുമുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ദിലീപിനെതിരേ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്നു പോലീസ്. ഏഴു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്നു വിധി പ്രസ്താവിക്കാനിരിക്കേയാണ് പോലീസിന്റെ റെയ്ഡ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ്, തോക്ക്, പണമിടപാടുകള്‍ തുടങ്ങിയവ ലഭിക്കാനായിരുന്നു തെരച്ചില്‍. ദിലീപിന്റെയും സഹോദരന്റേയും വീടുകളിലും സ്ഥാപനങ്ങളിലുമാണു റെയ്ഡ് നടത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.

🔳നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ രക്ഷിക്കാന്‍ മുന്‍ ഡിജിപിയും രാഷ്ട്രീയരംഗത്തെ പ്രമുഖ നേതാവിന്റെ മകനും ശ്രമിച്ചെന്ന ആരോപണവുമായി ചാനല്‍ ചര്‍ച്ചകള്‍. പുതിയ തെളിവുകളില്‍ ദിലീപ് കുടുങ്ങുമെന്നും ചിലര്‍ അവകാശപ്പെട്ടു. ഇതേസമയം ദിലീപിനെതിരായ പുതിയ കേസ് കള്ളക്കേസാണെന്ന ആരോപണവും ഉയര്‍ന്നു. കേസില്‍ തെളിവില്ലാതായപ്പോള്‍ പോലീസ് പിടിവള്ളി തേടുകയാണെന്നും ആരോപണം.

🔳ഇനി ദേശീയ ലോക്ക്ഡൗണ്‍ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണം. കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്. കൊവിഡ് അവലോകന യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

🔳സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ചു കേരളം നല്‍കിയ കണക്ക് ശരിയല്ലെന്ന് കേന്ദ്രം. 64,000 കോടി രൂപ മുതല്‍മുടക്കി പദ്ധതി പൂര്‍ത്തിയാക്കാനാവില്ല. പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാകുമെന്ന അനുമാനവും ശരിയല്ലെന്നും കെ റെയില്‍ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തില്‍ റെയില്‍വേ അഭിപ്രായപ്പെട്ടു. വായ്പ പൂര്‍ണമായും സംസ്ഥാനം തന്നെ അടച്ചുതീര്‍ക്കുമെന്ന് ഉറപ്പാക്കണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. യോഗത്തിന്റെ മിനിറ്റ്സിലാണ് ഈ വിവരങ്ങള്‍.

🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജ് കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി. ടോണി തേക്കിലക്കാടന്‍, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണു കീഴടങ്ങിയത്. ജിതിന്‍ കെഎസ് യു ഇടുക്കി ജില്ലാ സെക്രട്ടറിയും ടോണി നിയോജകമണ്ഡലം പ്രസിഡന്റുമാണ്.

🔳ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎമ്മിന്റെ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും സുധാകരന്‍.

🔳കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കണമെങ്കില്‍ സിപിഎമ്മിനെ അക്രമിച്ച് കീഴ്പെടുത്തണമെന്ന് സുധാകരന്‍ കരുതുന്നു. കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബാലന്റെ പ്രതികരണം.

🔳പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെയാളുണ്ടെന്ന് കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് സിപിഎമ്മിലെത്തിയ കെ.പി. അനില്‍കുമാര്‍. ബ്ലേഡ് – മണല്‍ മാഫിയകളുമായിമാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരനെന്ന് അനില്‍ കുമാര്‍ ആരോപിച്ചു.

🔳എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തൈപൊങ്കല്‍ പ്രമാണിച്ച് ആറു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരിക്കേയാണ് പരീക്ഷകള്‍ മാറ്റിയത്.

🔳തൃശൂര്‍ നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയും ഹോംനഴ്സുമായ ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികളെ പരിശോധിക്കാന്‍ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

🔳തിരുവനന്തപുരം നെടുമങ്ങാട് വിദ്യാര്‍ത്ഥിയെ കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പൊലീസ് പിടികൂടി. ഇവരെ കോടതി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കന്‍ കടയില്‍ ജീവനക്കാരന്‍ ആയ അഴിക്കോട് സ്വദേശി അബ്ദുല്‍ മാലിക്(18)നെയാണ് ഇന്നലെ സംഘം ബലമായി ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചത്.

🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ ഇന്ന് വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്.

🔳ട്യൂഷന്‍ ക്ലാസിനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്ക് 20 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയടക്കുകയും വേണം. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദി ട്യൂഷനു വേണ്ടി വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 48 കാരിയായ യുവതി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു കേസ്.

🔳ഉത്തരേന്ത്യക്കാരായ യുവ ബിസിനസുകാരെ കബളിപ്പിച്ചു കോടികള്‍ പിടുങ്ങിയ മഹാരാഷ്ട്ര സ്വദേശി സമര്‍ ഇസ്മയില്‍ എന്ന നാല്‍പത്തഞ്ചുകാരന്‍ എറണാകുളത്തു പോലീസിന്റെ പിടിയിലായി. അംഗരക്ഷകരും ആഡംബരകാറുകളും വ്യാജരേഖകളും മറ്റുമായി മോന്‍സണ്‍ മോഡലിലായിരുന്നു ഇയാളുടെ തട്ടിപ്പ്. ഡാനിഷ് അലി എന്നാണു പേരെന്നു ധരിപ്പിച്ച് വാപി കഫേ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

🔳സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ ചൈനാ അനുകൂല പ്രസംഗം ദേശവിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. രാജ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി ഉയര്‍ത്തുന്ന കാലഘട്ടത്തിലും സിപിഎം പ്രകടിപ്പിക്കുന്ന ചൈനീസ് പ്രേമം രാഷ്ട്രീയ പാപ്പരത്തമാണെന്ന് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

🔳ഇടുക്കിയിലെ സിപിഎമ്മിന്റെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ സഹോദരന്‍ ബിജെപില്‍ ചേര്‍ന്നു. പാര്‍ട്ടി നടപടി നേരിടുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ സഹോദരന്‍ എസ് കതിരേശനാണ് ബിജെപിയിലെത്തിയത്.

🔳തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗത്തിന് സസ്പെന്‍ഷന്‍. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അന്‍സാര്‍ തോട്ടുമുക്കിനെയാണ് പ്രമേയം പാസാക്കി സസ്‌പെന്‍ഡ് ചെയ്തത്. പഞ്ചായത്ത് യോഗ മിനുട്സ് വ്യാജമാണെന്ന് ആരോപിച്ചായിരുന്നു സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം പ്രതിഷേധിച്ചത്.

🔳പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്‍ ചെമ്പംകണ്ടം സ്വദേശിയായ സഞ്ജയ് ആണ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. പതിനാറുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതിയല്‍ 25 കാരനായ സഞ്ജയിനെ പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.

🔳മലപ്പുറം എടവണ്ണയില്‍ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദൃക്സാക്ഷി മൊഴി മാറ്റി. യുവാവിനെ അയല്‍വാസിയായ സ്ത്രീകള്‍ തീ കൊളുത്തിയെന്ന മൊഴിയാണ് മാറ്റിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയെന്നാണ് സ്ഥിരീകരിക്കുന്നത്. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

🔳ഹരിത വിഷയത്തില്‍ എംഎസ്എഫ് മിനിറ്റ്സ് പുറത്തുവിടുമെന്ന് പുറത്താക്കപ്പെട്ട ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത്? മിനിട്സ് ബുക് നേരത്തെ നേതൃത്വത്തിനു കൈമാറിയിരുന്നു. അവര്‍ അത് പൊലീസിന് നല്‍കുമെന്നാണ് തന്നെ അറിയിച്ചത്. മിനിട്സ് കൈമാറാത്തതിനാല്‍ പോലീസ് തനിക്കെതിരെ നടപടികള്‍ തുടരുകയാണ്. മിനിട്സ് തിരുത്താന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മിനിട്സ് നേതൃത്വം തിരുത്തിയോ എന്നറിയില്ല. തിരുത്തിയ മിനിട്സാണ് പോലീസിനു നല്‍കുന്നതെങ്കില്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്തീഫ് തുറയൂര്‍.

🔳കെഎസ്ആര്‍ടിസിയില്‍ പുതിയ ശമ്പളപരിഷ്‌ക്കരണക്കരാര്‍ ഒപ്പുവച്ചു. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതല്‍ കിട്ടും. 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. പെന്‍ഷന്‍ പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്നു സിഐടിയു ആവശ്യപ്പെട്ടു. 2016 ല്‍ നടപ്പാക്കേണ്ട ശമ്പളപരിഷ്‌ക്കരണമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്‌കെയിലാണ് കെഎസ്ആര്‍ടിസിയിലും നടപ്പാക്കുന്നത്.

🔳ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1.54 ലക്ഷം കോടി രൂപ ആദായ നികുതി റീഫണ്ട് അനുവദിച്ചതായി കേന്ദ്ര ആദായ നികുതി വകുപ്പ്. 1.59 കോടിയിലധികം നികുതിദായകര്‍ക്കാണു റീഫണ്ട് നല്‍കിയത്. ഇതില്‍ വ്യക്തിഗത നികുതി ദായകര്‍ക്ക് ലഭിച്ച റീഫണ്ട് 53,689 കോടി രൂപയാണ്. 1.56 കോടി നികുതിദായകര്‍ക്കാണ് ഈ തുക ലഭിച്ചത്. ഒരു ലക്ഷം കോടി രൂപയോളമാണ് കോര്‍പറേറ്റ് ടാക്സ് റീഫണ്ടായി നല്‍കിയത്.

🔳പശ്ചിമ ബംഗാളില്‍ ബിക്കാനീര്‍ – ഗോഹട്ടി എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കുണ്ട്. 12 ബോഗികളാണു പാളം തെറ്റിയത്.

🔳ബിജെപി പാമ്പിനേപ്പോലെയാണെന്നും അവരെ തുടച്ചുനീക്കുന്നതുവരെ തളരാതെ പോരാടുന്ന കീരിയേപ്പോലയാണു താനെന്നും ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്നു രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യ. ട്വിറ്ററിലൂടെയാണ് ഇങ്ങനെ പ്രതികരിച്ചത്.

🔳യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ വകുപ്പുകള്‍ക്കു കീഴിലുള്ള 78 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുപിഎസ്സി വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 27.

🔳ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് ഇക്കഴിഞ്ഞ ഡിസംബറില്‍ കയറ്റി അയച്ചത് 3,780 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍. 2020 ഡിസംബറില്‍ 2722 കോടി ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. 39 ശതമാനം വളര്‍ച്ച.

🔳ബ്രിട്ടീഷ് രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂ രാജകുമാരനെ സൈനിക രാജകീയ പദവികളില്‍നിന്നു നീക്കം ചെയ്തു. ബക്കിംങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രജ്ഞിയാണ് ഉത്തരവ് ഇറക്കിയത്. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടാനിരിക്കേയാണ് നടപടി.

🔳ജയിച്ചാല്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാമായിരുന്ന ഹൈദരാബാദ് എഫ് സി, ഐഎസ്എല്ലിലെ ഇന്നലത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് സമനിലയില്‍ കുരുങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പോയന്റ് പങ്കിട്ടപ്പോള്‍ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ് സിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി. സമനിലയോടെ ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് എത്തി.

🔳ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ഇന്ത്യയുടെ മോഹം തുലാസില്‍. കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് ജയിക്കാന്‍ ആതിഥയേര്‍ക്ക് വേണ്ടത് 111 റണ്‍സ് മാത്രം. എട്ട് വിക്കറ്റ് കയ്യിലിരിക്കെ നാലാംദിനം തന്നെ ദക്ഷിണാഫ്രിക്ക ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 101 റണ്‍സെന്ന ശക്തമായ നിലയിലാണ് ആതിഥേയര്‍. നേരത്തെ റിഷഭ് പന്തിന്റെ അവസരോചിത സെഞ്ചുറിയാണ് സന്ദര്‍ശകരുടെ ലീഡ് 200 കടത്തിയത്. മാര്‍കോ ജാന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, ലുങ്കി എന്‍ഗിഡി എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതം ലഭിച്ചു.

🔳കേരളത്തില്‍ ഇന്നലെ 66,796 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേര്‍ രോഗമുക്തി നേടി. ഇതോടെ 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186

🔳രാജ്യത്ത് ഇന്നലെ രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 46,406 പേര്‍ക്കും കര്‍ണാടകയില്‍ 25,005 പേര്‍ക്കും തമിഴ്നാട്ടില്‍ 20,911 പേര്‍ക്കും പശ്ചിമബംഗാളില്‍ 23,467 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 14,765 പേര്‍ക്കും ഡല്‍ഹിയില്‍ 28,867 പേര്‍ക്കും ചത്തീസ്ഗഡില്‍ 6,015 പേര്‍ക്കും രാജസ്ഥാനില്‍ 9,881 പേര്‍ക്കും ഗുജറാത്തില്‍ 11,176 പേര്‍ക്കും ഹരിയാനയില്‍ 7,591 പേര്‍ക്കും ബീഹാറില്‍ 6,393 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു

🔳ആഗോളതലത്തില്‍ ഇന്നലെയും മുപ്പത് ലക്ഷത്തിധികം കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഏഴ് ലക്ഷത്തിന് മുകളിലും ഇംഗ്ലണ്ടില്‍ 1,09,133 പേര്‍ക്കും ഫ്രാന്‍സില്‍ 3,05,322 പേര്‍ക്കും തുര്‍ക്കിയില്‍ 75,564 പേര്‍ക്കും ഇറ്റലിയില്‍ 1,84,615 പേര്‍ക്കും ജര്‍മനിയില്‍ 93,154 സ്പെയിനില്‍ 1,59,161 പേര്‍ക്കും അര്‍ജന്റീനയില്‍ 1,28,402 പേര്‍ക്കും ഇസ്രായേലില്‍ 59,333 പേര്‍ക്കും ആസ്ട്രേലിയയില്‍ 1,50,702 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 32.03 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 5.09 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,693 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,546 പേരും റഷ്യയില്‍ 740 പേരും ഇംഗ്ലണ്ടില്‍ 335 പേരും ഇറ്റലിയില്‍ 316 പേരും പോളണ്ടില്‍ 481 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.37 ലക്ഷമായി.

🔳പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഏറ്റെടുക്കാന്‍ വേദാന്ത ഗ്രൂപ്പ്. ഇതിനായി 12 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ വേദാന്ത ഗ്രൂപ്പ് തയ്യാറാണ്. ഇത് രാജ്യത്തെ ഏറ്റവും വലിയ ആസ്തി വില്‍പ്പനയാണ്. എന്നാല്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടുവരികയാണ്. മാര്‍ച്ചില്‍ ബിപിസിഎല്ലിന് വേണ്ടിയുള്ള ബിഡ്ഡുകള്‍ ഇന്ത്യ തുറക്കുമെന്ന് വേദാന്ത ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. വേദാന്ത ഗ്രൂപ്പിന് പുറമേ, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ്, ഐ സ്‌ക്വയേര്‍ഡ് ക്യാപിറ്റല്‍ എന്നിവയും ഓയില്‍ റിഫൈനറില്‍ സര്‍ക്കാരിന്റെ ഓഹരി ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

🔳ആമസോണ്‍ ഇന്ത്യ ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ഇവന്റ് – ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പ്പന ആരംഭിക്കുന്നു. ഇത് ജനുവരി 17-ന് ആരംഭിച്ച് ജനുവരി 24 വരെ തുടരും. എല്ലാ ആമസോണ്‍ വില്‍പ്പനയും പോലെ, പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16-ന് 24 മണിക്കൂര്‍ നേരത്തെ ആക്‌സസ് ലഭിക്കും. ഇലക്ട്രോണിക്‌സ്, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ എന്നിവ ഉള്‍പ്പെടെ അതിലേറെയും വിലക്കിഴിവോടെ നാല് ദിവസത്തെ വില്‍പ്പനയിലുണ്ടാകും. സ്മാര്‍ട്ട്ഫോണുകള്‍ 40 ശതമാനം വരെ കിഴിവില്‍ ലഭിക്കും.

🔳ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തിരിമാലി’യുടെ ട്രെയ്ലര്‍ പുറത്തെത്തി. ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്. സംവിധായകനൊപ്പം സേവ്യര്‍ അലക്സും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, സലിംകുമാര്‍, ഇന്നസെന്റ്, അന്ന രേഷ്മ രാജന്‍, അസീസ് നെടുമങ്ങാട്, നസീര്‍ സംക്രാന്തി, സോഹന്‍ സീനുലാല്‍, ഉണ്ണി നായര്‍, മാവോത്സെ ഗുരുംഗ്, ഉമേഷ് തമംഗ് എന്നിവര്‍ക്കൊപ്പം നേപ്പാള്‍ സൂപ്പര്‍താരം സ്വസ്തിമ ഖാഡ്കയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

🔳മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിലെ ആദ്യ വീഡിയോ സോംഗ് പുറത്തെത്തി. ‘പറയാതെ വന്നെന്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ലക്ഷ്മി ശ്രീകുമാര്‍ ആണ്. ദീപക് ദേവ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 26നാണ് റിലീസ്.

🔳കാത്തിരിപ്പ് അവസാനിപ്പിച്ച് രണ്ടാം വരവ് അറിയിച്ചിരിക്കുകയാണ് യെസ്ഡി. റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വെഞ്ചര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളുമായാണ് ഈ ഐക്കോണിക് ബ്രാന്‍ഡിന്റെ മടങ്ങി വരവ്. ജാവയില്‍ ഉപയോഗിച്ചിരിക്കുന്ന 334 സിസി എഞ്ചിനാണ് മൂന്ന് മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ യെസ്ഡി ബൈക്കുകള്‍ ബൂക്ക് ചെയ്യാം. ജാവ ഷോറൂമുകളിലൂടെ തന്നെയാണ് വില്‍പ്പന. റോഡ്സ്റ്ററിന് 1.98 ലക്ഷം മുതല്‍ 2.06 ലക്ഷം രൂപവരെയും സ്‌ക്രാംബ്ലറിന് 2.05 ലക്ഷം രൂപ മുതല്‍ 2.11 ലക്ഷം രൂപയും അഡ്വെഞ്ചറിന് 2.09 ലക്ഷം മുതല്‍ 2.19 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില.

🔳കേരളപ്പിറവിക്കു ശേഷമുള്ള 25 വര്‍ഷത്തെ രാഷ്ട്രീയ സ്ഥിതിവിഗതികളും അന്തര്‍നാടകങ്ങളും സംഭവപരമ്പരകളും സാമൂഹിക മാറ്റങ്ങളുമെല്ലാം ഈ ഗ്രന്ഥത്തില്‍ ചെറിയാന്‍ ഫിലിപ്പ് വിശദീകരിക്കുന്നു. സൂക്ഷ്മദൃക്കായ ഒരു ചരിത്രകാരന്റെ ഗവേഷണപാടവവും മികവുറ്റ ഒരു സാഹിത്യകാരന്റെ സൗന്ദര്യവീക്ഷണവും ഈ രാഷ്ടീയചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ‘കാല്‍നൂറ്റാണ്ട്’. ഡിസി ബുക്സ്. വില 387 രൂപ.

🔳കൊവിഡ് കാലത്തെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച പഠനമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭിണികള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാതിരിക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും കൊവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന് അടുത്തിടെ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. വാക്സിന്‍ സ്വീകരിക്കാതിരിക്കുകയും കൊവിഡ് പിടിപെടുകയും ചെയുന്ന ഗര്‍ഭിണികളില്‍ 20 ശതമാനം പേര്‍ക്ക് വരെ മാസം തികയാതെയുള്ള പ്രസവത്തിന് സാദ്ധ്യതയുള്ളതായി വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പും സംബന്ധിച്ച സംയുക്ത സമിതിയിലെ പ്രൊഫസറായ ജെറെമി ബ്രൗണ്‍ വ്യക്തമാക്കി. യു കെയിലെ പ്രസവ നിരീക്ഷണ സംവിധാനമനുസരിച്ച് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 96.3 ശതമാനം രോഗികളും വാക്സിന്‍ സ്വീകരിക്കാത്തവരായിരുന്നു. ഇവരില്‍ 33 ശതമാനം പേര്‍ക്ക് ശ്വാസതടസവും ഉണ്ടായിരുന്നതായും ഗര്‍ഭിണികളില്‍ മൂന്നില്‍ ഒന്നും മാസം തികയാതെ പ്രസവിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.