പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയുടെ ജീവിതവും തുലയ്ക്കുമെന്ന് ചെന്താമര പറഞ്ഞു. കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കും.
തനിക്കെതിരെ നിൽക്കുന്നത് ആരെന്ന് അറിഞ്ഞാൽ അവരെ ഇല്ലാതാക്കും. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചെന്താമരയുടെ പ്രതികരണം. നെന്മാറ കേസിലെ വിചാരണ നടപടികൾ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാര്യ ചെന്താമരയ്‌ക്കെതിരെ പാലക്കാട് കോടതിയിൽ മൊഴി നൽകിയത്. തുടർന്നാണ് പ്രതികരണം ഉണ്ടായത്.
പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്. വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.