ഇടുക്കി പണിക്കൻകുടിയിലെ സിന്ധു കൊലപാതകക്കേസിൽ പ്രതി ബിനോയിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സിന്ധുവിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തുന്നതിന് പ്രതിയുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.
സിന്ധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാൻകുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു
പ്രതി ബിനോയിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും
സിന്ധുവിനെ കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നാണെന്നാണ് പ്രതി ബിനോയ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദിച്ചു..
തറയിൽ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സിന്ധുവിന്‍റെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും അടുക്കളയിൽ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു.