ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ച സ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും.
ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രം ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കും. അതേസമയം, 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എങ്ങനെ ചെമ്പുപാളി ആയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനും വ്യക്തതയില്ല. കോടതി കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടാനാണ് തീരുമാനം.
2019 ല്‍ അറ്റകുറ്റപ്പണിക്കായി ഇളക്കിയ സ്വര്‍ണ്ണ പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റി ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ക്ഷേത്രത്തില്‍ സ്വര്‍ണ്ണപാളി പ്രദര്‍ശിപ്പിക്കുകയും ഭക്തരെ കൂട്ടി പൂജകളും നടത്തി. ഇതിലൂടെ ഉണ്ണികൃഷ്ണന് പോറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്. അതിനിടെ, 2019ല്‍ കൊണ്ടുപോയ സ്വര്‍ണ്ണപാളി 40 ദിവസത്തിന് ശേഷമാണ് തിരികെ സ്ഥാപിച്ചത്. ശബരിമലയില്‍ എത്തിച്ചത് യഥാര്‍ഥ സ്വര്‍ണ്ണപാളി തന്നെയോ എന്ന കാര്യത്തിലും വിശദ അന്വേഷണം നടത്തും. ഉണ്ണികൃഷ്ണന് പോറ്റിയേയും സുഹൃത്തുക്കളായ രണ്ടു വ്യവസായികളേയും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. രണ്ടു ദിവസത്തിനുള്ളിില്‍ ദേവസ്വം വിജിലന്‍സ് ബംഗളൂരുവിലേക്ക് പോകും.