Headlines

ചെടിച്ചട്ടികള്‍ക്ക് കമ്മീഷന്‍; കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് എതിരെ നടപടി

ചെടിച്ചട്ടികള്‍ക്ക് കമ്മീഷന്‍ വാങ്ങിയ സംഭവത്തില്‍ സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് എതിരെ നടപടി. കെ എന്‍ കുട്ടമണിയെ സ്ഥാനത്ത് നിന്ന് മാറ്റി. വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് അടിയന്തര നടപടി. കെ എന്‍ കുട്ടമണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ മന്ത്രി ഒ ആര്‍ കേളു അടിയന്തര നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു മണ്‍പാത്രത്തിന് മൂന്നു രൂപ വെച്ച് ഇരുപത്തയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം പ്രവര്‍ത്തകനുമാണ്.

പരാതിക്കാരനായ ചിറ്റശ്ശേരി സ്വദേശി വൈശാഖനും തൃശൂര്‍ വിജിലന്‍സ് സംഘവും അതിവിദഗ്ധമായാണ് കുട്ടമണിയെ വലയിലാക്കിയത്. കളിമണ്‍ പാത്ര നിര്‍മ്മാണ വിതരണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന പദവി ദുരുപയോഗം ചെയ്ത് കുട്ടമണി ആദ്യമായല്ല കമ്മീഷന്‍ എന്ന പേരില്‍ കൈക്കൂലി ആവശ്യപ്പെടുന്നതും വാങ്ങുന്നതും. 5372 കളിമണ്‍ പാത്രങ്ങള്‍ ഇറക്കുന്നതിന് ഒരു പാത്രത്തിന് മൂന്നു രൂപ വെച്ച് കമ്മീഷന്‍ വേണമെന്ന് ആയിരുന്നു കുട്ടമണിയുടെ ആവശ്യം. ഒരു ചെടിച്ചട്ടിക്ക് 95 രൂപ എന്ന് തിരക്കാണ് കണക്കാക്കിയിരുന്നത്. വളാഞ്ചേരി കൃഷിഭവനു കീഴില്‍ വിതരണം ചെയ്യാനായിരുന്നു ചെടിച്ചട്ടികള്‍. തൃശൂര്‍ ചിറ്റിശ്ശേരിയിലെ കളിമണ്‍പാത്ര നിര്‍മ്മാണ യൂണിറ്റ് ഉടമ വൈശാഖനോടാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ആദ്യ ഗഡുമായി പതിനായിരം രൂപ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്. പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ പാര്‍ട്ടിക്കു മുമ്പിലടക്കം എത്തിയിട്ടുള്ളത്. കുട്ടമണിയുടെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.