Headlines

കോട്ടയത്ത് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയത്ത് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

കടുത്തുരുത്തി പോളി ടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അദ്വൈത്. കഴിഞ്ഞ ആഴ്ച ക്ലാസ് കഴിഞ്ഞ് വരുംവഴി വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ അദ്വൈത് എളുപ്പത്തില്‍ പാളം മുറിച്ച് കടക്കാനായി ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. ഉടനടി ഷോക്കേറ്റ് താഴെ വീണ വിദ്യാര്‍ത്ഥിയെ ഉടനടി ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ചികിത്സ നല്‍കി വരികയായിരുന്നെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

ഷോക്കേറ്റ് അദ്വൈതിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സാധാരണയായി ആളുകള്‍ പാളം മുറിച്ച് കടക്കാറുള്ള സ്ഥലത്താണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് വീഴുന്നത് കണ്ടാണ് സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയത്. അപ്പോഴേക്കും കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും തീപടര്‍ന്നിട്ടുണ്ടായിരുന്നു. നാട്ടുകാര്‍ ഇത് തല്ലിക്കെടുത്താന്‍ ശ്രമിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.