Headlines

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന്‍ മരിച്ചു; കുട്ടി മുകളില്‍ കയറിയത് ചെരുപ്പെടുക്കാന്‍

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.

രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി മാറ്റിസ്ഥാപിക്കാത്തതിന് വലിയ വിമര്‍ശനങ്ങളാണ് നാട്ടുകാരും രക്ഷിതാക്കളും ഉയര്‍ത്തുന്നത്.