Headlines

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 26 രോഗികൾ ആണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത് 10 രോഗികളും ആർസിസിയിൽ ഒരാളും സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളജിൽ മൂന്ന് പേരാണ് ചികിത്സയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ 10 പേരും രോഗബാധിതരായി കഴിയുന്നു. ഇതുവരെയുള്ള ആക്ടീവ് കേസുകളുടെ എണ്ണമാണ് ആരോഗ്യവകുപ്പ് നൽകിയത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈമാസം 11ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച്നടന്ന മരണങ്ങളാണ് അമിബിക് മസ്തിഷ്വരം മൂലം ആണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.