സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 56 കാരിയായ മലപ്പുറം വണ്ടൂർ സ്വദേശിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം നാലിനാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില വളരെ മോശമാണെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. നിലവിൽ 56 കാരി ഐസിയുവിൽ ചികിത്സയിലാണ്.
ഇന്നലെയാണ് വയനാട് മാനന്തവാടി സ്വദേശി രതീഷ് (45) രോഗം ബാധിച്ച് മരിച്ചത്. രണ്ടാഴ്ചയായി ഐസിയൂവിലായിരുന്ന രതീഷ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. നിലവിൽ 11 പേരാണ് വിവിധ ജില്ലകളിൽ നിന്നും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നത്.