സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ളത്.ഇതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയിൽ ഉള്ളത്.

രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.

സാമ്പിളുകളുടെ പരിശോധനാ ഫലവും താമരശ്ശേരിയിൽ രോഗം സ്ഥിരീകരിച്ച സ്ഥലത്തു നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം ശേഖരിച്ച സാമ്പിൾ ഫലവും ലഭ്യമായിട്ടില്ല. അതേസമയം, ഒരു മാസത്തിനിടെ 46 പനി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. പനിബാധിതരുടെ എണ്ണത്തിലെ വലിയ വർധനവാണിത്. എലിപ്പനി ബാധിച്ച് 28 പേരും സംസ്ഥാനത്ത് മരിച്ചു.