സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കുന്നംകുളം പൊലീസ് സ്റ്റേഷനിലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കും. അനുവദിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം.
നിയമസഭാ സമ്മേളനം ഇന്നലെ ആരംഭിച്ചെങ്കിലും സഭ പ്രക്ഷുബ്ദമാകാന്‍ പോകുന്നത് ഇന്ന് മുതലാണ്. ഇന്നലെ സഭ ചേരുകയും അന്തരിച്ച പ്രധാനപ്പെട്ട നേതാക്കള്‍ക്ക് അനുശോചനമര്‍പ്പിച്ച് പിരിയുകയുമായിരുന്നു.
രണ്ട് ബില്ലുകളും ഇന്ന് നിയമസഭ പരിഗണിക്കും. ചികിത്സയില്‍ കഴിയുന്ന കാനത്തില്‍ ജമീല എംഎല്‍എക്ക് സഭയില്‍ ഹാജരാകാതിരിക്കാന്‍ അനുമതി നല്‍കുന്നതും ഇന്ന് സഭയുടെ പരിഗണനക്ക് വരുന്നുണ്ട്.
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിശദീകരണം നല്‍കിയിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.