പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും ഇന്ന് കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍വഹിക്കും.
രമേശ് ചെന്നിത്തല കിളിമാനൂരിലും, കൊടുക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലും, എം.എം ഹസന്‍ വിഴിഞ്ഞത്തും, കെ. മുരളീധരന്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലും പ്രതിഷേധങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലെ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക എന്നുള്ളതാണ് പ്രധാനപ്പെട്ട സമരാവശ്യം.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ മുഴുവന്‍ മര്‍ദ്ദനമെന്ന് കെ മുരളീധരന്‍ പറഞ്ഞു. രണ്ടുകാലില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നവര്‍ മൂക്കില്‍ പഞ്ഞി വച്ച് തിരികെ വരുന്നു. സിസ്റ്റത്തിന്റേതാണ് കുഴപ്പം. സിസ്റ്റം നിയന്ത്രിക്കുന്നത് പിണറായി വിജയന്‍. ഒരു വകുപ്പുകളും ആര്‍ക്കും വിട്ടുകൊടുക്കുന്നില്ല.
എല്ലാം പിടിച്ചു വച്ചിരിക്കുന്നു. എന്നാല്‍ ഒരു വകുപ്പും നോക്കാന്‍ സമയവുമില്ല – കെ മുരളീധരന്‍ പറഞ്ഞു.