Headlines

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിനിയും കാസർഗോഡ് സ്വദേശിയുമാണ് ഗുരുതരാവസ്ഥയിലുള്ളത്. നിലവിൽ 11 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് നാല് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടത്.

അതേസമയം, ആരോഗ്യവകുപ്പ് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. രോഗത്തെ നേരിടാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കഴിഞ്ഞമാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.