കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധത്തിന് അയവില്ല. നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പൊലീസുകാരുടെ വീട്ടിലേക്ക് അടക്കം വലിയ മാർച്ച് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തൃശൂരിൽ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാൽ പരുക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ നാലു പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് മർദനമേറ്റ സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സസ്‌പെന്‍ഷന്‍ ആദ്യഘട്ട നടപടി എന്ന് പറയാന്‍ പറ്റില്ല. ആദ്യം പറഞ്ഞിരുന്നത് സ്ഥലം മാറ്റം ആയിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇന്‍ക്രിമെന്റ് കട്ട് ചെയ്യണമെന്ന് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്തു എന്നുള്ളത് മൂന്നാം ഘട്ടമാണ്. ഇതല്ല നമ്മുടെ ആവശ്യം. അഞ്ചു പേരെയും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടണമെന്നതാണ് ഞങ്ങളുടെ ആവശ്യമെന്ന് സുജിത്ത് വ്യക്തമാക്കിയിരുന്നു.