‘അച്ഛന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’: പത്മജ

കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന്, ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറർ എൻ. എം. വിജയന്റെ മരുമകൾ പത്മജ. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ പരാജയമാണ്. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നതെന്നും പത്മജ പറഞ്ഞു.

വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നത്. സിപിഐഎമ്മിന് മനസാക്ഷിയുണ്ട്. അതുകൊണ്ടാണ് സഹായസന്നദ്ധത അറിയിക്കുന്നത്. കോൺഗ്രസുമായി പരമാവധി സഹകരിച്ച് പോകാനാണ് തുടക്കം മുതൽ നോക്കിയത്. എത്ര അവഗണിച്ചിട്ടും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ലെന്നും പത്മജ പറഞ്ഞു.

ഇനി ഈ പാർട്ടിയുമായി ഒരു ചർച്ചയ്ക്ക് താനില്ല. ബാധ്യത തീർക്കാനുള്ള വഴി അറിയില്ല. വീടിന്റെയും സ്ഥലത്തിന്റെയും ആധാരം കോൺഗ്രസ് എടുത്ത് നൽകിയേ പറ്റൂ. എൻ. എം. വിജയൻ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആധാരം പണയം വെച്ച് തുക ഉപയോഗിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടിയാണ് പണയം വെച്ചതെന്ന് കത്ത് എഴുതിവെച്ചിട്ടുണ്ട്. അത് എടുത്ത് തരേണ്ടത് ഔദാര്യമല്ല. ആരൊക്കെയാണ് പങ്കു പറ്റിയതെന്ന് കത്തിലുണ്ട്. ഇത് കോൺഗ്രസ് അംഗീകരിച്ചതുമാണ്. സിപിഐഎം സഹായിച്ചാൽ സ്വീകരിക്കണമോയെന്ന് വ്യക്തമാക്കേണ്ടത് കോൺഗ്രസാണെന്നും പത്മജ വ്യക്തമാക്കി.