Headlines

സസ്പെന്‍സ് അവസാനിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഷ്ട്രീയ ആകാംഷകള്‍ക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്.

അതേസമയം രാഹുൽ എത്തിയത് മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതിർന്ന നേതാക്കൾ വിളിച്ച് സഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും ആദ്യം എതിർത്തെങ്കിലും പിന്നീട് രാഹുൽ വരാമെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് സൂചന.

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ നിലനിൽക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വരവ്. രാഹുൽ സഭയിലേക്ക് എത്തരുതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി യോഗം നടക്കുന്ന ദിവസം തന്നെ പാർട്ടിയെ വെല്ലുവിളിച്ചാണ് നിയമസഭയിൽ എത്തിയത്.

27-ാം ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ആഗസ്റ്റ് 20-നാണ് രാഹുലിനെതിരെ യുവതി ആരോപണം ഉന്നയിച്ചത്. തുടർന്ന് ആഗസ്റ്റ് 21-ന് ഉച്ചയ്ക്ക് അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷപദത്തിൽ നിന്ന് രാജിവച്ചു. പിന്നീട്, മാധ്യമങ്ങൾക്ക് മുന്നിലൂടെ കാറിൽ വീടിന് പുറത്തേക്ക് ഒരു തവണ മാത്രമാണ് വന്നത്.