പാലക്കാട്ടെ നേതാക്കളുമായി രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തുന്നു. രാഹുലിന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ജില്ലയിലെ പ്രധാന നേതാക്കളാണ് രാഹുലിന്റെ വസതിയിൽ എത്തിയത്. രാജി സമ്മർദത്തിനിടെയാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഉടൻ പാലക്കാട്ടേക്ക് ഉണ്ടാകില്ലെന്നും അടൂരിലെ വീട്ടിൽ തുടരുമെന്നും രാഹുൽ നേതാക്കളെ അറിയിച്ചു
ജില്ലയിലെ ചുമതലയുള്ള കെപിസിസിയുടെയും ഡിസിസിയുടെയും ഭാരവാഹികളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ എത്തിയത്. പ്രതിഷേധങ്ങൾക്ക് ശമനം ഉണ്ടായതിന് ശേഷം പാലക്കാട്ടേക്ക് എത്തുകയുള്ളൂവെന്നാണ് നേതാക്കളോട് രാഹുൽ പറഞ്ഞിരിക്കുന്നത്. നേതവൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് വൈകിട്ട് നടത്താനിരുന്ന രാഹുലിന്റെ വാർത്താ സമ്മേളനം റദ്ദാക്കിയിരുന്നു. അതേസമയം രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ചാറ്റുകളും ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. രാഹുൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാവുകയാണ്. ഇതിനിടെയാണ് പാലക്കാട്ടെ നേതാക്കൾ രാഹുലിന്റെ വീട്ടിലെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെയ്ക്കാൻ സമ്മർദമേറുകയാണ്. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്നാണ് സൂചന. പരാതിയുമായി ആരും മുന്നോട്ട് വന്നില്ലെങ്കിലും കൂടുതൽ ശബ്ദരേഖകൾ പുറത്തു വരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി അനിവാര്യമെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.