Headlines

‘എൻ എം വിജയൻറെ കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ CPIM തയ്യാർ’; എം വി ജയരാജൻ

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയൻ്റെ കുടുംബം ആവശ്യപ്പെട്ടാൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഐഎം തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ എം വിജയൻ്റെ മരുമകൾ പത്മജയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജയരാജൻ.

കടം വീട്ടാനുള്ള പണം നൽകുന്നതുമായി പാർട്ടിയുമായി ഉണ്ടാക്കിയ കരാർ നേതാക്കൾ ലംഘിച്ചു എന്ന ആരോപണത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ സംഭാഷണം എൻ എം വിജയൻറെ കുടുംബം പുറത്തുവിട്ടു.കോൺഗ്രസ് കയ്യൊഴിഞ്ഞാൽ സിപിഐഎം സഹായിക്കും. എൻ എം വിജയൻറെ കുടുംബത്തിനൊപ്പം നൽകുകയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എംവി ജയരാജൻ.

കരാറിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സിദ്ദിഖ് എംഎൽഎ ലംഘിച്ചു.അതാണ് പദ്മജയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയതും. തിരുവഞ്ചൂർ പോലും ഈ സംഘത്തിന്റെ കൊള്ളരുതായ്മയ്ക്കെതിരായി മനസ്സിൽ പ്രതിഷേധമുള്ള കോൺഗ്രസ് നേതാവാണ്. കെപിസിസി നിയോഗിച്ച സംഘത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ഉണ്ടായിരുന്നു. കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാമെന്ന് അന്നത്തെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നതാണ് എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റ് പറയുന്നതോ ഞങ്ങൾക്ക് എല്ലാ ബാധ്യതകളും ഏറ്റെടുക്കാൻ കഴിയില്ലെന്നാണ്. എൻ എം വിജയൻ വായ്പയെടുത്ത തുകയിൽ 14 ലക്ഷം രൂപ കുടുംബം തിരിച്ചടച്ചു.പിന്നെ എന്ത് സഹായമാണ് അവർ ചെയ്തത്. പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കാനായി അധ്വാനിച്ച കുടുംബമാണ് എൻ എം വിജയന്റേത് എന്നിട്ടും ഒരു കോൺഗ്രസുകാരനും തിരിഞ്ഞ് നോക്കിയില്ല എം വി ജയരാജൻ പറഞ്ഞു.

അതേസമയം, കടം തീർക്കാനുള്ള പണം നൽകാമെന്ന കരാർ ലംഘിച്ച സാഹചര്യത്തിൽ ഇനി നേതൃത്വവുമായി ചർച്ചയ്ക്കില്ലെന്നാണ് എൻ എം വിജയൻ്റെ കുടുംബത്തിന്റെ നിലപാട്. തർക്കം തുടരുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണവും കുടുംബം പുറത്തുവിട്ടു. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്നും, പാലിക്കാൻ വേണ്ടിയാണ് കരാർ എന്നും ശബ്ദസംഭാഷണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുകയുണ്ടായി.

കെ പി സി സി നിർദേശപ്രകാരം തിരുവഞ്ചൂർ രാധാകൃഷ്ണനാണ് എൻ എം വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയത്. പുറത്ത് വന്ന ഓഡിയോയെ കുറിച്ച് അറിയില്ലെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. കുടുംബത്തോട് നീതി കാണിക്കണം എന്നാണ് താൻ നൽകിയ റിപ്പോർട്ടിലുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.