കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് രാവിലെ 10.30 ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.
അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.