Headlines

13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി; ഏഴുപേർക്ക് പുതുജീവൻ നൽകി വിടപറഞ്ഞ് ബിൽജിത്ത്

കൊച്ചിയിൽ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന് കാരിക്ക് മാറ്റിവെച്ചത്.

ഇന്ന് പുലർച്ചെ 1.20 നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള വാഹനം ലിസി ആശുപത്രിയിൽ എത്തിയത്. രാത്രി 12:45നാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെ ഹൃദയവുമായി ആരോഗ്യപ്രവർത്തകർ ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ കൊച്ചി സിറ്റി പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഏഴുപേർക്ക് പുതുജീവൻ നൽകിയാണ് ബിൽജിത്ത് വിടപറഞ്ഞത്. ഹൃദയമടക്കം ആറ് അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. അപ്നിയ ടെസ്റ്റിലൂടെയാണ് യുവാവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. യുവാവിന്റെ മറ്റ് അവയവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ്, അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി, ആലുവ രാജഗിരി ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, അങ്കമാലി ലിറ്റിൽ ഫ്ലവർ എന്നീ ആശുപത്രികളിലെത്തിയ്ക്കും.

ബിൽജിത്ത് ഇടവകയിലെ അൾത്താര ബാലനായിരുന്നുവെന്ന് ബിൽജിത്തിന്റെ അങ്കിൾ ബെന്നി ട്വന്റിഫോറിനോട് പറഞ്ഞു. ബിൽജിത്തിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ബന്ധു ബാബു പറഞ്ഞു. നിരവധി പേരിലൂടെ ബിൽജിത്ത് ജീവിക്കുമെന്നതിലാണ് തങ്ങൾ ആശ്വാസം കണ്ടെത്തുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.