ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട പതിമൂന്നുകാരിയുമായി വന്ദേഭാരത് ട്രെയിനിൽ യാത്രതിരിച്ച് കുടുംബം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് യാത്ര. എറണാകുളം ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. എയർ ആംബുലൻസിൽ സഞ്ചരിക്കാൻ കുട്ടിയ്ക്ക് ബുദ്ധിമുട്ടായതിനാലാണ് ട്രെയിൻ മാർഗം കൊച്ചിയിലേക്ക് പോകുന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശം ലഭിച്ചതിനെ തുടർന്നാണ് കൊല്ലത്ത് നിന്ന് വന്ദേഭാരതിൽ യാത്ര പുറപ്പെടുന്നത്.
ഏഴു മണിയോടെ കുടുംബം കുട്ടിയുമായി ലിസി ആശുപത്രിയിലെത്തിക്കും. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. മന്ത്രി മുഹമ്മദ് റിയാസ് റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പ് നൽകി. കുട്ടിയുടെ യാത്രക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
കൊല്ലം എംപി എൻകെ പ്രേമചന്ദ്രന്റെ ഓഫീസിൽ നിന്ന് ഇടപെട്ടാണ് വന്ദേഭാരതിൽ ടിക്കറ്റ് ഏർപ്പെടുത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. മൂന്ന് വർഷമായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലാണ്. ഇന്നാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയിൽ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയിൽ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ലിസി ആശുപത്രിയിൽ നിന്ന് ഹൃദയം ലഭ്യമാണെന്ന് വിവരം ലഭിച്ചത്.
എയർ ആംബുലൻസ് സൗകര്യം ഒരുക്കാനുള്ള നടപടി വേഗത്തിലാക്കുന്നതിനിടെയാണ് കുട്ടി ബുദ്ധിമുട്ടുകൾ അറിയിക്കുകയായിരുന്നു. തുടർന്നാണ് വന്ദേഭാരതിൽ കുട്ടിയെ എറണാകുളത്തേക്ക് എത്തിക്കാൻ തീരുമാനിച്ചത്. ആറരയോടൂകൂടി വന്ദേഭാരത് എറണാകുളത്ത് എത്തും. എത്രയും വേഗം ട്രെയിൻ എറണാകുളത്ത് എത്തിക്കാനുള്ള നിർദേശം റെയിൽവേ ഉദ്യോദഗസ്ഥർക്ക് നൽകിയിട്ടുണ്ട്. തടസമുണ്ടാകില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.