Headlines

KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് ഷോക്കേസ് നോട്ടീസ് അയച്ച് കോടതി. വിദ്യാർഥികളെ കറുത്ത മാസ്കും കൈ വിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എസ്എച്ച്ഒ ഷാജഹാൻ നേരിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാവണമെന്നാണ് നിർദേശം.

വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് അവരെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മുഖംമൂടി ധരിപ്പിച്ചത്. മുഖം മൂടിയും കൈവിലങ്ങും അണിയിച്ച് വിദ്യാർഥികളെ ഹാജരാക്കാനും മാത്രം എന്ത് കുറ്റമാണ് ഇവർ ചെയ്തതെന്ന് കോടതി ചോദിച്ചു. ഇതിന്റെ ഭാഗമായാണ് എസ്എച്ച്ഒയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട കെഎസ്‌യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളടക്കം പ്രചരിക്കുന്നുണ്ട്. വലിയ വിമർശനമാമ് പൊലീസ് നടപടിക്കെതിരെ ഉയർന്നത്.