പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല; ജീവശ്വാസം നിലയ്ക്കും വരെ സിപിഐയ്ക്ക് വേണ്ടി പ്രവർത്തിക്കും, കെ ഇ ഇസ്മായിൽ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങൾ തള്ളി മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ. താൻ എല്ലാക്കാലത്തും സിപിഐ പ്രവർത്തകൻ ആണെന്നും ജീവശ്വാസം നിലയ്ക്കുംവരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും കെ ഇ ഇസ്മായിൽ പ്രതികരിച്ചു. സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇതുവരെ പ്രവർത്തിച്ചിട്ടില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും സസ്പെൻഷൻ പിൻവലിക്കുമോ എന്നകാര്യം നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും കാര്യപ്രാപ്തിയും പ്രവർത്തനക്ഷമതയും പരിഗണിച്ചാണ് പലരെയും ഒഴിവാക്കിയതെന്നും കെ ഇ ഇസ്മായിൽ പറഞ്ഞു.

അതേസമയം, കെ ഇ ഇസ്മായിലിനെതിരെ രൂക്ഷവിമർശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. അദ്ദേഹം സസ്‌പെൻഷനിൽ ആയതിനാലാണ് സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത്. സിപിഐയുടെ സംഘടനാ തത്വം അറിയുന്ന ഏതൊരാൾക്കും അത് മനസിലാകും. എന്നാൽ ഇത് വിവാദമാകുന്നതിന് പിന്നിൽ മറ്റ് താത്പര്യങ്ങളുണ്ട്. കെ ഇ ഇസ്മയിൽ വേദിയിൽ ഇരിക്കാൻ യോഗ്യനല്ല. പാർട്ടിയെ നിരന്തരം കുറ്റപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. പ്രവർത്തന റിപ്പോർട്ടിൽമേലുള്ള പൊതുചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ആരോപണം.

വിമർശകരെ വെട്ടിനിരത്തിയാണ് സിപിഐയുടെ പുതിയ സംസ്ഥാന കൗൺസിൽ. കെ ഇ ഇസ്മയിലിന് ഒപ്പം പന്ന്യൻ രവീന്ദ്രനും സി ദിവാകരനും ഒഴിവാക്കി. ഇ എസ് ബിജിമോൾ, ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെകെ ശിവരാമൻ, തിരുവനന്തപുരത്ത് നിന്നുള്ള മീനാങ്കൽ കുമാർ, സോളമന്‍ വെട്ടുകാട് എന്നിവരെയും സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. എന്നാൽ ബിനോയ് വിശ്വത്തെ അധിക്ഷേപിച്ച കമലാ സദാനന്ദനെയും കെ എം ദിനകരനെയും നിലനിർത്തി.

103 അംഗ സംസ്ഥാന കൗൺസിലിനെയാണ് സിപിഐ ആലപ്പുഴ സമ്മേളനം തിരഞ്ഞെടുത്തത്. 11 കാൻഡിഡേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന എക്സിക്യൂട്ടീവിനെയും അസിസ്റ്റൻറ് സെക്രട്ടറിമാരെയും പാർട്ടി കോൺഗ്രസിന് ശേഷം തിരഞ്ഞെടുക്കും.