രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എടുത്ത കേസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇരകൾ പരാതിയുമായി മുന്നോട്ടില്ലെങ്കിൽ കേസ് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരാതിക്കാരനായ എച്ച്.ഹഫീസിന്റെ മൊഴി ഇന്ന് വൈകിട്ട് 3 മണിക്ക് രേഖപ്പെടുത്തും. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
രാഹുലിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തനിക്കെതിരെ പാർട്ടിയിൽ നിന്ന് ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. നേതൃത്വവുമായി ആശയവിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ വാദം മുഖവിലക്കെടുക്കാത്ത കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ്.
അതേസമയം, ആരോപണങ്ങളെ ചൊല്ലി കോൺഗ്രസ് സൈബർ ഹാൻഡിലുകൾ തമ്മിലുള്ള പോരും കടുക്കുകയാണ്. ഇതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും നേതൃത്വം പുനരാരംഭിക്കുകയാണ്.