Headlines

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണം, സ്ഥാനം ഒഴിയണം’; യൂത്ത് കോൺഗ്രസ് സെക്രട്ടറി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ. ആരോപണം ശരിയെങ്കിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പദവിയിൽ ഇരിക്കാൻ അർഹതയില്ല. തെളിവുകൾ പുറത്തുവന്ന സാഹര്യത്തിൽ സ്ഥാനം ഒഴിയണം. യൂത്ത് കോൺഗ്രസിന് ധാർമ്മിക മൂല്യമുണ്ടെന്നും നേതൃത്വം നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവുവിന്റെതാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചേക്കുമെന്നാണ് വിവരം. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ കെ.പി.സി.സി ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍, എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.

യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നാണ് ചര്‍ച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പില്‍ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടു.