Headlines

‘നടപടി വൈകരുത്; സമയം വൈകും തോറും പാര്‍ട്ടിക്ക് ചീത്തപ്പേര്’; രമേശ് ചെന്നിത്തല

ലൈംഗിക സന്ദേശ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. നടപടി വൈകരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നത്തല ആവശ്യപ്പെട്ടു. സമയം വൈകും തോറും പാര്‍ട്ടിക്ക് ചീത്തപ്പേരെന്നാണ് ചെന്നിത്തലയുടെ നിലപാട്.

സമാനമായ നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്വീകരിച്ചിരിക്കുന്നത്. രാഹുലിനെ ഇനിയും ചേര്‍ത്തുപിടിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശന്‍. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട് എന്നാണ് അറിയുന്നത്. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പരിപാടിയില്‍ പങ്കെടുക്കുകയാണ് നിലവില്‍ വിഡി സതീശന്‍. വിഷയത്തില്‍ താന്‍ പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് പ്രതികരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍, എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.

യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നാണ് ചര്‍ച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പില്‍ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ ഹരിപ്പാട് വാട്സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടു.