ലൈംഗിക സന്ദേശ ആരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഭാരവാഹികൾക്ക് പുറത്ത് നിന്നുള്ളയാൾ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് എൽഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രാഹുലിനെതിരെ പരാതി ഉന്നയിച്ച ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു.
കേരളം പിടിക്കുമെന്ന് അമിത് ഷാക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്.ത്രിപുര മോഡൽ മാറ്റം കേരളത്തിൽ ഉണ്ടാകും. അതിനുള്ള 80 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം റിപ്പോർട്ട് നൽകി.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കും. നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുള്ളത് കൂടി കേൾക്കുമെന്ന് നേരെത്തെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു, വി ഡി സതീശൻ പറഞ്ഞു.