കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിന്‍റെ പരിപാടിയിൽ പ്രകോപനവുമായി സിപിഎം എത്തിയാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കളുടെ സുഹൃത്തുക്കളെ ആക്രമിക്കാൻ കോണ്‍ഗ്രസ് പോയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പേരിൽ സുഹൃത്തായ ഷാഫി പറമ്പിലിനെ നല്ല രീതിയല്ല. പൊതുപരിപാടികളിലും മറ്റും ഷാഫി പറമ്പിൽ എംപിയെ തടയാൻ വന്നാൽ അത് തീക്കളിയാകും.
അങ്ങനെയെങ്കിൽ നാട് യുദ്ധക്കളമാകും. എംപിയുടെ പരിപാടിയിൽ പ്രകോപനവുമായി വന്നാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്നും പ്രവീണ്‍ കുമാര്‍. നാട് യുദ്ധക്കളമാക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് എംപിയുടെ പരിപാടികളിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇപ്പോള്‍ വടകര എംപിക്കെതിരെ നടക്കുന്ന സമരങ്ങള്‍ ആഭാസകരമാണെന്നും കോഴിക്കോട്ടെ നല്ല അന്തരീക്ഷം ഇല്ലാതാക്കുന്ന ശ്രമങ്ങളിൽ നിന്ന് സിപിഎം പിന്മാറണമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു